ഏറ്റവും ലാഭകരമായൊരു നിക്ഷേപമാർഗമാണോ നിങ്ങൾ നോക്കുന്നത് ?പിപിഎഫിൽ ചേർന്നോളു.. ജീവിതം സുരക്ഷിതമായിരിക്കും

0
12

സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും പിഎഫ് പോലൊരു നിക്ഷേപപദ്ധതിയില്ലാ എന്നാണ് പലരുടെയും ധാരണ. എന്നാൽ നഷ്ട്ടസാധ്യത കുറഞ്ഞ ഏറ്റവും നല്ലൊരു നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രോവിഡന്റ് ഫണ്ട്‌.  പിപിഎഫ് അക്കൗണ്ടിൽ ഒരു സാമ്പത്തിക വർഷം നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രുപയും ഏറ്റവും കൂടിയ തുക 150000 രുപയുമാണ്. ഇത് നിങ്ങൾക്ക്  ഒറ്റതവണയായോ മാസതവണകളായോ നിക്ഷേപിക്കാൻ സാധിക്കും. 

മാസതവണകളായാണ് നിക്ഷേപിക്കുന്നതെങ്കിൽ ഒരുമാസം നിക്ഷേപിക്കാൻ പറ്റുന്ന പരമാവധി തുക 12500 രൂപയാണ്. നിലവിൽ പിപിഎഫിന്റെ വാർഷിക പലിശ നിരക്ക് 7.1% ആണ് .മക്കളുടെ പേരിലും പിപിഎഫ് അക്കൗണ്ട് തുടങ്ങാനാവും.കുട്ടി പ്രായപൂർത്തിയായിട്ടില്ല എങ്കിൽ ഗാർഡിയനായി നിങ്ങൾക്ക് നിക്ഷേപം നടത്താം. ഈ രണ്ട് അക്കൗണ്ടിലും നിക്ഷേപം നടത്തുന്നുവെങ്കിൽ  ഒരു സാമ്പത്തികവർഷം  നിക്ഷേപിക്കാൻ കഴിയുന്ന ആകെത്തുകയും 150000 രൂപ തന്നെയായിരിക്കും. ജോയിന്റ് ആയി പിപിഎഫ് അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല. 

പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി പതിനഞ്ചുവർഷമാണ്. പതിനഞ്ചുവർഷം എത്തിയ ശേഷം ഓരോ അഞ്ചുവർഷം വച്ച് ഇതിന്റെ കാലാവധി വീണ്ടും കൂട്ടികൊണ്ടിരിക്കാം. പിപിഎഫിൽ നമ്മുടെ  നിക്ഷേപത്തിനും,ലഭിക്കുന്ന പലിശയ്ക്കും ടാക്സ് ഇല്ല എന്നതാണ് ഏറ്റവും ആകർഷകമായ കാര്യം. പല ബാങ്കുകളിലും  ഓൺലൈനായി  പിപിഎഫ് അക്കൗണ്ട് തുടങ്ങാനും ഇടപാടുകൾ നടത്താനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പോസ്റ്റോഫീസ് വഴിയും ഈ സൗകര്യം ലഭ്യമാണ്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നിക്ഷേപപദ്ധതിയായതിനാൽ നൂറുശതമാനം വിശ്വസ്തമാണ്. ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫ് അക്കൗണ്ട് തുടങ്ങാം. നിലവിൽ ഇന്ത്യൻ പൗരനല്ലായെങ്കിൽ  അക്കൗണ്ട് തുടങ്ങാനുമാവില്ല. 

പിപിഎ അക്കൗണ്ടിന്റെ കാലാവധി  പതിനഞ്ചുവർഷമാണെങ്കിലും ആറുവർഷം കഴിയുമ്പോൾ നിക്ഷേപത്തിന്റെ പകുതി  പിൻവലിക്കാനാകും. ഒരു സാമ്പത്തികവർഷത്തിൽ ഒരുതവണ മാത്രമേ പണം തിരിച്ചെടുക്കാൻ സാധിക്കൂ. നിക്ഷേപം തുടങ്ങി അഞ്ചു വർഷം കഴിഞ്ഞിട്ടുണ്ടെങ്കിൽ അത്യാവശ്യഘട്ടത്തിൽ അക്കൗണ്ട് അവസാനിപ്പിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ മുഴുവൻ തുകയുടെ ഒരുശതമാനം പിഴയായി ഈടാക്കും. ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപമായ അഞ്ഞൂറുരൂപയെങ്കിലും അടച്ചിട്ടില്ലായെങ്കിൽ അക്കൗണ്ടിൽ തുടരാനാവില്ല. ഇങ്ങനെ മുടങ്ങിപോയാൽ കാലാവധിയായ പതിനഞ്ചു വർഷത്തിന് ശേഷമേ പണം പിൻവലിക്കാൻ സാധിക്കൂ .

പിന്നീട് അക്കൗണ്ട് പുതുക്കണമെങ്കിൽ അൻപതുരൂപ പിഴയും മുടങ്ങിയ വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ  നിക്ഷേപ തുകയായ 500 രൂപയും ഒരുമിച്ച് അടക്കേണ്ടതായിവരും. പണമായോ ചെക്കായോ അക്കൗണ്ട് പുതുക്കാം. നോമിനേഷൻ സൗകര്യം ഉണ്ടായിരിക്കും. കൂടാതെ  പോസ്റ്റോഫീസിൽ ആണ് അക്കൗണ്ട്‌ തുടങ്ങുന്നതെങ്കിൽ ഒരു പോസ്റ്റോഫീസിൽ നിന്ന് മറ്റൊരു പോസ്റ്റോഫീസിലേക്ക് അക്കൗണ്ട് മാറ്റാൻ സാധിക്കും.              

ദിവസേന നൂറ് രൂപ എന്ന കണക്കിൽ പ്രതിമാസം 3000 രൂപാ വീതം പിപിഎഫ് അക്കൗണ്ടിന് വേണ്ടി മാറ്റിവച്ചാൽ പതിനഞ്ചുവർഷത്തേക്ക് 7.1% പലിശ വച്ച് 976308 രൂപ നമുക്ക് ലഭിക്കും. ഇവിടെ നിക്ഷേപത്തുക ഏകദേശം 540000 രൂപ മാത്രമാണ്, ബാക്കി 436368 രൂപ പലിശയിനത്തിൽ നമുക്ക് ലഭിക്കുന്ന തുകയാണ്. കാലാവധി കൂടുന്നതിനനുസരിച്ച്  പലിശയിനത്തിൽ ലഭിക്കുന്ന തുകയിൽ  വർദ്ധനവ് ഉണ്ടാകുന്നതാണ്. ഇത്തരത്തിൽ,  ദീർഘകാലത്തേക്ക് പിപിഎഫ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ നല്ലൊരുതുകയാവും നമ്മെ കാത്തിരിക്കുക